കൊച്ചി: മൂവാറ്റുപുഴയില്‍ അലഞ്ഞുതിരിഞ്ഞ ആക്രമണകാരികളായ 130ഓളം തെരുവുനായ്ക്കളെ വിഷം നല്‍കി കൊന്നുവെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തകനെ വെറുതെവിട്ടു. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ഓട്ടോ ഡ്രൈവര്‍ കൂടിയായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എംജെ ഷാജിയെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ബീന വേണുഗോപാല്‍ വെറുതെവിട്ടത്.
നായ്ക്കളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഇംഗ്ലീഷ് ചാനലിന്റെ വിഡിയോ ക്ലിപ്, ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് കോടതി വെറുതെവിട്ടത്.
2015ലായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണകാരികളായ തെരുവുനായ്ക്കള്‍ ടൗണില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വഴിയാത്രക്കാരെ കടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചിരുന്നു. തെരുവുനായ് ശല്യം രൂക്ഷമാണന്ന പരാതിയുയര്‍ന്നിട്ടും നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ മൃഗസംരക്ഷണ സംഘടനകള്‍ക്കോ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് മൂവാറ്റുപുഴയില്‍ വ്യാപകമായി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നത്.
തുടര്‍ന്ന് ചെന്നൈ ആസ്ഥാനമായ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എഡബ്ല്യുബിഐ, മൂവാറ്റുപുഴ ദയ എന്നി സംഘടനകള്‍ ഷാജിക്കെതിരെ എസ്പിക്ക് പരാതി നല്‍കിയത്. ഷാജിയ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.