തിരുവനന്തപുരം: തനിക്ക് ശരിയായ ആരോഗ്യപരിപാലനം ലഭിക്കുന്നില്ലെന്ന വാർത്തകൾ നിഷേധിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കുടുംബവും കോൺഗ്രസ് പാർട്ടിയും ഒപ്പമുണ്ടെന്നും തനിക്ക് ലഭിക്കുന്ന മികച്ച ചികിത്സയിൽ പൂർണ സംതൃപ്തനാണെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന ഓൺലൈൻ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ആണ് വിശദീകരണം. മകൻ ചാണ്ടി ഉമ്മന്റെയും പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ഉമ്മൻചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ, ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കു വേണ്ട നിർദേശങ്ങൾ ലഭിക്കുന്നതിനു വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ അലക്സ് വി. ചാണ്ടിയുടെ നേതൃത്വത്തിലുള്ള കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഉമ്മൻ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസവും അത് സംബന്ധിച്ച് ഫേസ്ബുക്കില്‍ വശദീകരിച്ചിരുന്നു.
ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്..
ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.
അപ്പ നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരിൽ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു. അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടിൽ കാര്യങ്ങൾ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.