കാസര്‍കോട്: പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ സിപിഎം കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ഉദുമ ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം.
വിഷയം പാര്‍ട്ടിയെ വലിയതരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി ഏരിയാ കമ്മിറ്റിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സംഭവം പുറത്തുവന്നതോടെ ഏരിയ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
കര്‍ശനമായ നടപടി രാഘവനെതിരേ വേണമെന്നാണ് ജില്ലാനേതൃത്വം, എ.സി. സെന്‍ട്രല്‍ കമ്മിറ്റി മീറ്റിങ്ങില്‍ ഉന്നയിച്ച പ്രധാനകാര്യം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് രാഘവനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനം കൈക്കൊണ്ടത്.
മൂന്നു ദിവസം മുൻപാണ് രാഘവന്റെ ശബ്ദസന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ വന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവൻ. കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്കു പോകുന്നതിനിടെ ട്രെയിനിൽവച്ച് അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റാർക്കോ അയച്ച സന്ദേശം മാറി പാർട്ടി ഗ്രൂപ്പിൽ എത്തിയതാണെന്നാണ് പറയുന്നത്.
അതേസമയം ഭാര്യയ്ക്ക് അയച്ച സന്ദേശമാണ് മാറി ഗ്രൂപ്പിൽ പോയതെന്നാണ് സംഭവം വിവാദമായതിനു പിന്നാലെ രാഘവൻ നൽകിയ വിശദീകരണം. എന്നാൽ സ്ത്രീകൾ അടക്കമുള്ള ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച രാഘവനെതിരെ നടപടിയെടുക്കണമെന്നായിരുന്നു മറ്റു പാർട്ടി അംഗങ്ങളുടെ ആവശ്യം.