തിരുവനന്തപുരം: 2023- 24 സാമ്പത്തിക വര്‍ഷത്തിലേക്കായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ കെപിസിസി നിര്‍ദേശിച്ചു. ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും.
ബജറ്റിന് പിന്നാലെ ഇന്ന് വൈകിട്ട് ചേര്‍ന്ന കെപിസിസിയുടെ അടിയന്തര ഓണ്‍ലൈൻ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പന്തം കൊളുത്തി പ്രകടനവും നടത്തും. ബജറ്റിനെതിരെ പൊതുജനമധ്യത്തിൽ ശക്തമായ പ്രചാരണം അഴിച്ചു വിടാനാണ് കെപിസിസി യോഗത്തിലുണ്ടായ തീരുമാനം.
ഹൈക്കോടതി നിര്‍ദേശ പ്രകാരം മുൻ കൂട്ടി നോട്ടീസ് നൽകി കൊണ്ട് ഹര്‍ത്താൽ ആചരിക്കുന്ന കാര്യവും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. കൂടുതൽ സമരപരിപാടികൾ നാളെ കെപിസിസി അധ്യക്ഷൻ പ്രഖ്യാപിക്കും
യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.