തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ നികുതി വർധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും വിദ്യാർഥി സംഘടനകളും നികുതി വർധനവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ്, ബി ജെ പി, യൂത്ത് കോൺഗ്രസ്, യുവ മോർച്ച, കെ എസ് യു സംഘടനകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരസ്യ പ്രതിഷേധം നടത്തി.
ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഹാദ് ജിന്നാസ്, ലിന്റോ പി ആന്റു എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ആലുവ ബൈപാസ് മെട്രോ സ്റ്റേഷനടുത്ത് വെച്ചായിരുന്നു സംഭവം. നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് പോകുന്ന യാത്രയിലായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
ബജറ്റിനെതിരേ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച മാര്‍ച്ച്. പ്രവര്‍ത്തകര്‍ ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന് പരിക്കേറ്റു. റോഡ് ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.