സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. 15000 കോടിയുടെ വരുമാന വർധനവാണ് ബഡ്ജറ്റിലൂടെ പിണറായി സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രി കെ.എൻ ബാലഗോപാലിന്റെ രണ്ടാമത്തെ സമ്പൂർണ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങൾക്കായിരിക്കും ബഡ്ജറ്റിൽ ഊന്നൽ നൽകുക. വിവിധ ഫീസുകളിലും പിഴകളിലും വർധനവുണ്ടാകാനും സാധ്യതയുണ്ട്. ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് ഉയർത്തിയേക്കും. ഇത്തവണത്തെ ബഡ്ജറ്റിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചേക്കില്ലെന്നാണ് സൂചന.
വ്യവസായ, അടിസ്ഥാനസൗകര്യ, വിദ്യാഭ്യാസ, സേവന മേഖലകളിൽ ജനക്ഷേമത്തിന് പുതിയ പദ്ധതികളുമുണ്ടാവുമെന്നാണ് പ്രതീക്ഷ. ചെലവു ചുരുക്കലിന്റെ ഭാഗമായി നിയമന നിയന്ത്രണം ഏർപ്പെടുത്തുമോ എന്ന കാര്യത്തിലും ആശങ്ക തുടരുകയാണ്. ഭൂമിയുടെ ന്യായവില പരിഷ്കരണം, രജിസ്ട്രേഷൻ നിരക്ക് വർദ്ധന, കെട്ടിട നികുതി, ഭൂനികുതി പരിഷ്കരണം, ക്ഷേമപെൻഷനുകളിൽ നൂറ് രൂപയുടെ വർദ്ധന, പെൻഷൻ കുടിശിക വിതരണം, ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക തീർക്കൽ, വന്യജീവി പ്രശ്നം പരിഹരിക്കാൻ കൂടുതൽ തുക വകയിരുത്തൽ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്.