തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമായി ഉയര്‍ന്നു. 2012-13 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന് മുന്നോടിയായിട്ടാണ് അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചത്.
കോവിഡ് മഹാമാരിയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികള്‍ വളര്‍ച്ചയ്ക്ക് സഹായകമായെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. എന്നാല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നയങ്ങള്‍ സംസ്ഥാനത്തിന് തിരിച്ചടിയായതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, കഴിഞ്ഞ വര്‍ഷം പൊതുകടം 2.10 ലക്ഷം കോടിയായി ഉയര്‍ന്നു. 20-21 ല്‍ ഇത് 1.90 ലക്ഷം കോടിയായിരുന്നു. മൂലധന ചെലവ് 15438 കോടിയില്‍ നിന്ന് 17046 കോടിയായി. തൊഴിലില്ലായ്മ നിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ദേശീയ പ്രാദേശിക സാമ്പത്തിക മാന്ദ്യവും ഈ പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
കൂടാതെ, സംസ്ഥാനത്തെ ശമ്പള പെന്‍ഷന്‍ ചെലവുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വരും വര്‍ഷം റവന്യൂ ചെലവുകള്‍ നിയന്ത്രിക്കണമെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. റവന്യൂ ചെലവ് 22.46 ശതമാനത്തില്‍ നിന്നും 30.44 ശതമാനമായാണ് ഉയര്‍ന്നത്. നികുതി നികുതിയേതര വിഭവങ്ങളുടെ അധിക സമാഹരണം നടത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും എന്ന് സൂചന. പത്ത് വര്ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.