വീടിന്റെ ബാൽക്കണിയിൽ അമ്മയേയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളേയും തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പന്നിത്തടം ചിറമനേങ്ങാട് റോഡിന് സമീപം കാവില വളപ്പിൽ വീട്ടിൽ ഹാരിസിന്റെ ഭാര്യ സഫീന (28), മക്കളായ അജുവ (മൂന്ന്), അമൻ (ഒന്നര) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സഫീന സ്വയം തീകൊളുത്തിയിരിക്കാം എന്നാണ് കരുതപ്പെടുന്നത്.
ഭർതൃമാതാവിനൊപ്പം കല്യാണത്തിൽ പങ്കെടുത്ത് അർദ്ധരാത്രിയാണ് സഫീനയും മൂന്ന് മക്കളും തിരിച്ചെത്തിയത്. പുലർച്ചെ ഒന്നോടെയാണ് ഒന്നാംനിലയിലെ കിടപ്പുമുറിയിൽ സഫീനയും മക്കളും ഉറങ്ങാൻ കിടന്നത്. പുലർച്ചെ ഉണർന്ന മൂത്ത മകൾ ആറുവയസ്സുകാരി ആയിന അമ്മയേയും സഹോദരങ്ങളേയും കാണാത്തതിനെ തുടർന്ന് താഴെ നിലയിൽ ഉറങ്ങിയിരുന്ന ഫാരിസിന്റെ മാതാവിന്റെ മുറിയിലെത്തി. തുടർന്ന് മാതാവ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ മൂവരുടേയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സഫീനയുടെ ഭർത്താവ് ഹാരിസ് ദുബായിലാണ് ജോലി ചെയ്യുന്നത്. ആറു മാസം മുൻപാണ് ഇയാൾ ദുബായിലേക്ക് മടങ്ങിയത്.