തിരുവനന്തപുരം: കോവളത്ത് വീട്ടമ്മയുടെ മരണത്തിന് കാരണമായ റേസിങ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനും മരിച്ചു. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദൻ (25) ആണ് മരിച്ചത്. ഇയാളുടെ റേസിങ് ബൈക്കിടിച്ച് രാവിലെ വീട്ടമ്മ മരിച്ചിരുന്നു.
വാഴമുട്ടം സ്വദേശി സന്ധ്യയാണ് മരിച്ചത്. കോവളം- വാഴമുട്ടം ദേശീയപാതയില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ സന്ധ്യയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാലറ്റു പോയി. മറ്റ് ശരീരാവശിഷ്ടങ്ങളും റോഡില്‍ ചിതറി.
ഇടിച്ച ബൈക്ക് 100 മീറ്ററോളം തെറിച്ചു പോവുകയും ചെയ്തു. പരിക്കേറ്റ അരവിന്ദൻ സമീപത്തെ ഓടയിലായിരുന്നു കിടന്നത്. രണ്ട് ബൈക്കുകളിലായി റേസിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.