കാസർഗോഡ്: യുവതിയെ വീട്ടിൽ കയറി ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ ടി.വി. പ്രദീപിനെതിരെയാണ് നടപടി. ഇയാൾ നിലവിൽ റിമാൻഡിലാണ്.
വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച കേസിൽ ഹോസ്ദുർഗ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദീപിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. കണ്ണൂർ റൂറൽ ഹെഡ്ക്വാർട്ടേഴ്സിലെ സീനിയർ സിപിഒയായിരുന്നു ടി.വി.പ്രദീപ്. വെള്ളിയാഴ്ച വൈകിട്ട് 6.40ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഹോസ്ദുർഗ് മേഖലയിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ കുറ്റത്തിനാണ് പ്രദീപിനെതിരെ നടപടി എടുത്തത്. ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയും ഈ പൊലീസുകാരനും തമ്മിൽ അഞ്ച് കൊല്ലം മുൻപുതന്നെ പരിചയമുണ്ട്. പ്രദീപ്, കാഞ്ഞങ്ങാട് ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയത്തിലായത്. കൊവിഡ് സമയത്ത് സ്ത്രീക്ക് പ്രദീപ് 80,000 രൂപ കടം നൽകിയിരുന്നു. ആ പണം തിരികെ ചോദിച്ചാണ് പ്രദീപ് യുവതിയെ ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ശല്യപ്പെടുത്തുകയും കസേരയുൾപ്പെടെയുള്ളവ നശിപ്പിക്കുകയുമായിരുന്നു.
സ്ത്രീകൾക്കെതിരെ അസഭ്യവർഷം നടത്തുക, മാനഹാനി വരുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാൾക്കെതിരെ സമാനമായ പരാതികൾ നേരത്തെയും ഉയർന്നിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസ്സേനയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് ഇത്തരമൊരു ഉദ്യോഗസ്ഥന് സേനയില്‍ തുടരുന്നത്. പ്രദീപിനെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടായേക്കും.