കോഴിക്കോട്: അഴിയൂരിൽ കുട്ടിയുടെ ഷർട്ട് അഴിപ്പിച്ച് തുപ്പൽ തുടപ്പിച്ച സംഭവത്തിൽ ഓട്ടോഡ്രൈവർ വിചിത്രനോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം. ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് റിപ്പോർട്ട് തേടിയതിനെ തുടർന്നാണ് നടപടി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടത്.
രണ്ട് ദിവസം മുമ്പാണ് സംഭവം. യാത്രക്കിടെ കുട്ടി തുപ്പിയത് ഓട്ടോയിലും ഡ്രൈവറുടെ ദേഹത്തും ആയി എന്നാരോപിച്ചായിരുന്നു ക്രൂരത. കുട്ടിയുടെ ഷർട്ട് അഴിച്ച് തുപ്പൽ തുടപ്പിച്ചു. കുഞ്ഞിപ്പള്ളി ഓട്ടോസ്റ്റാന്റിലെ വിചിത്രൻ കോറോത്ത് എന്നയാളാണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്.
എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടിയുടെ സഹോദരിയാണ് സംഭവം വീട്ടില്‍ അറിയിച്ചത്. പിറ്റേന്ന് ഉമ്മ ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചപ്പോഴും മോശമായ പ്രതികരണമാണുണ്ടായത്. കുട്ടിയുടെ മാതാവിനോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു.
കുട്ടിയുടെ ഉമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് കുട്ടിയുടെ ഉമ്മ അറിയിച്ചു. മകന് കൂടുതല്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നതിനാലാണ് പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് തീരുമാനിച്ചതെന്നാണ് ഉമ്മ വ്യക്തമാക്കുന്നത്. ഓട്ടോയിൽ നിന്നും പുറത്തേക്ക് തുപ്പാനാണ് ശ്രമിച്ചതെന്ന് കുട്ടി മൊഴി നൽകി.