കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് ഇഡി നോട്ടീസ്. ചൊവ്വാഴ്ച്ച കൊച്ചിയിലെത്താനാണ് നിര്‍ദേശം. ശിവശങ്കര്‍ വിരമിക്കുന്ന ദിവസംതന്നെയാണ് ഇഡി നടപടി.
ജനുവരി 31 ന് ശിവശങ്കർ വിരമിക്കുന്നതിനാൽ ദിവസം മാറ്റി നൽകാൻ ആവശ്യപ്പെട്ടു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ.
ആദ്യഘട്ടത്തിൽ യൂണിടാക്കിന്റെ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു. അതിനുശേഷം സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തു. ശിവശങ്കർ കോഴപ്പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് സ്വപ്ന പറഞ്ഞത്.
യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ചതിൽ 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായുള്ള ആരോപണം സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഇഡി സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി ശിവശങ്കറിനോടു ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്.