ന്യൂഡൽഹി: അമ്മയുടെ മരണത്തെത്തുടർന്ന് അവധിയെടുത്തതിനുശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ പിരിച്ചുവിടപ്പെട്ടുവെന്നു കാട്ടി ഗൂഗിൾ ജീവനക്കാരന്റെ കുറിപ്പ്. മുഖത്തേറ്റ ഒരു അടിപോലെയാണ് അപ്രതീക്ഷിത പിരിച്ചുവിടല്‍ അനുഭവപ്പെട്ടതെന്ന് സോഫ്റ്റ് വെയർ എന്‍ജിനീയർ ആയ ടോമി യോർക്ക് പറയുന്നു.
അവധി കഴിഞ്ഞെത്തി ദിവസങ്ങള്‍ക്കകമാണ് സോഫ്റ്റ്വെയര് എന്‍ജിനീയര്‍ക്കെതിരേ ഗൂഗിളിന്റെ നടപടി. 2021-ല്‍ ജോലിയില്‍ പ്രവേശിച്ച തന്നെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമല്ലെന്ന് ഇയാള്‍ കരിയര്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനില്‍ കുറിച്ചു.
അര്‍ബുദ ബാധിതയായിരുന്ന ടോമിയുടെ അമ്മ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മരിച്ചത്. ഇതിനെത്തുടര്‍ന്ന് നാലുദിവസം അവധിയെടുത്തിരുന്നു. അവധി കഴിഞ്ഞ് തിരിച്ചെത്തിയതോടെയാണ് ടോമിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. മാസങ്ങള്‍ നീണ്ട ഉത്കണ്ഠയ്ക്കും സമ്മര്‍ദ്ദത്തിനും ശേഷമാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അതിനു പിന്നാലെ ഉണ്ടായ പരിച്ചുവിടല്‍ മുഖത്തേറ്റ അടിപോലെയാണ് അനുഭവപ്പെട്ടത്, അദ്ദേഹം പറയുന്നു.
കുഞ്ഞിന്റെ ജനനത്തിനായി പ്രതീക്ഷിച്ചിരിക്കുന്ന മാതാപിതാക്കളെ പിരിച്ചുവിട്ട കഥകൾ കേട്ടിട്ടുണ്ട്. വളരെ മോശം കഥകളും കേട്ടിട്ടുണ്ട്. പക്ഷേ, നേരിട്ട് അനുഭവിച്ചപ്പോൾ മുഖത്തേറ്റ അടിയായി തോന്നി. നമ്മൾ തകർന്നിരിക്കുമ്പോൾ അടി കിട്ടുന്നതിന് തുല്യമാണിത്’’ – ടോമി യോർക്കിന്റെ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ആഴ്ച ഗൂഗിള്‍ 12,000 പേരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് പ്രവേശിക്കാനാവാതെ വന്നതോടെയാണ് ജോലിപോയ കാര്യംതന്നെ പലരും അറിഞ്ഞത്. വളരെ ആലോചിച്ചുള്ള തീരുമാനമാണ് ഈ പിരിച്ചുവിടലെന്നാണ് ചീഫ് എക്സിക്യുട്ടീവ് സുന്ദര്‍ പിച്ചെ പ്രതികരിച്ചത്.