റഷ്യയുടെ കിഴക്കൻ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിൽ അതിശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:35 ഓടെയായിരുന്നു ഭൂചലനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ ഏകദേശം 140 കിലോമീറ്റർ ആഴത്തിലാണെന്ന് സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി.
ശക്തമായ ഭൂചലനമായിരുന്നെങ്കിലും നിലവിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
പ്രദേശത്ത് തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെങ്കിലും സുനാമി ഭീഷണിയില്ലെന്ന് റഷ്യയിലെ സുനാമി വാണിങ് സെന്റർ അറിയിച്ചു. സുരക്ഷ മുൻനിർത്തി അധികൃതർ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.















