തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ആർഎസ്എസിന്റെ ലക്ഷ്യം. ഇതിനായി ഭരണഘടനയെ ഭേദഗതി ചെയ്യണമെന്ന് ആർഎസ്എസ് പറഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി മാറ്റി മുസ്ലിങ്ങളെ മുത്തലാഖിന്‍റെ പേരിൽ ജയിലിൽ അടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമിതി സമ്മേളനവും മതേതര സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര അധികാരത്തിന്‍റെ മറവിൽ സംഘപരിവാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. ഇന്ത്യയിൽ അധികാരം കൈയാളുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്. ഭരണഘടനയുടെ അടിവേര് അറുക്കുന്ന നടപടികൾ അവർ നടത്തുന്നു. പൗരത്വ നിയമം പോലുള്ളവ നടപ്പാക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കൾ ആയി സംഘ പരിവാര്‍ ചിത്രീകരിക്കുന്നു. മുത്തലാക്കിൻ്റെ പേരിൽ മുസ്ലിങ്ങളെ ജയിലിൽ അടയ്ക്കുന്ന സ്ഥിതി ഉണ്ടാക്കി. ബിജെപി നേതാക്കൾ നേരിട്ട് ന്യൂനപക്ഷങ്ങൾക്ക് എതിരെ കലാപ ആഹ്വാനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജാതീയതയുടെ ചങ്ങലക്കെട്ട് ഇപ്പോഴും നമുക്കിടയിലുണ്ട്. അത് പൊട്ടിക്കാൻ നമ്മുടെ കയ്യിലുള്ള ആയുധമാണ് ഭരണഘടന. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ദളിത് കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം ആളുകൾ കൊല്ലപ്പെടുന്നു. ന്യൂനപക്ഷങ്ങൾക്ക് എതിരെ കലാപാഹ്വാനം നടത്തുകയാണ്. ഹിന്ദു എന്ന പദത്തിന് വിപരീതം മുസ്ലിം എന്ന് ചിലരെങ്കിലും പഠിപ്പിച്ച് തുടങ്ങിയിരിക്കുന്നു. ദളിതർ, ആദിവാസികൾ , സ്ത്രീകൾ എല്ലാവരും രാജ്യത്ത് ആക്രമിക്കപ്പെടുകയല്ലേ. ഓരോ 18 മിനിറ്റിട്ടിലും ഒരു ദളിതൻ ആക്രമിക്കപ്പെടുന്ന രജ്യമായി ഇന്ത്യ മാറി. ആദിവാസി ദ്രോഹ നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാവുന്നു. ഗോത്ര വിഭാഗത്തിന്റെ സ്വന്തമായവ കോർപ്പറേറ്റിന് വിൽക്കാൽ ശ്രമം നടക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവർ തന്നെ ഭരണഘടനയെ അട്ടിമറിക്കുന്ന പ്രസ്താവനകൾ നടത്തുന്നു.ഭരണഘടനയുടെ അടിസ്ഥാന ഘടന ഇല്ലാതായാൽ എന്ത് സംഭവിക്കും എന്നതിന് ജർമനി ഉദാഹരണമാണ് .ഹിറ്റ്ലറുടെ കാലത്ത് ഭരണഘടനാപരമായ ചട്ടങ്ങൾ മറികടന്ന് നിയമം പാസാക്കാൻ ഹിറ്റ്ലര്‍ക്ക് അധികാരം കൈവന്നു.വസ്ത്രം, ഭാഷ, ഭക്ഷണം, എന്നിവയുടെ പേരിൽ മനുഷ്യർ ആക്രമിക്കപ്പെടുന്നു.ന്യൂനപക്ഷങ്ങൾ വിധേയ പെട്ട് ജീവിക്കേണ്ടവർ ആണ് എന്ന പ്രസ്താവന ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുന്നത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു