എറണാകുളം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ട് കെട്ടിയതിന്റെ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. 248 പേരുടെ സ്വത്ത് കണ്ടുകെട്ടിയതായി റിപ്പോർട്ടിലുണ്ട്.
കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 126 ഇടങ്ങളിലാണ് ജപ്തി നടപടികള്‍ ഉണ്ടായത്. കോഴിക്കോട് 22 പേരുടെയും കണ്ണൂരിൽ 8 പേരുടെയും പാലക്കാട് 23 പേരുടെയും സ്വത്ത് കണ്ട് കെട്ടിയിട്ടുണ്ട്. ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശത്തെ തുടർന്നാണ് വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയത്.
ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്തവർക്കും ജപ്തി നോട്ടീസ് നൽകിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഹർത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ് നൽകിയിട്ടുണ്ട്. ഹർത്താൽ സമയത്ത് വിദേശത്തായിരുന്നവർക്കും ഗൾഫിൽ സ്ഥിരതാമസമാക്കിയവർക്കും നോട്ടീസ് ലഭിച്ചതായി ആരോപണമുണ്ട്.
അതേസമയം, മലപ്പുറത്ത് ആളുമാറി സ്വത്ത് കണ്ടുകെട്ടിയ സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വിശദീകരിച്ചു. തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റവന്യൂ അധികൃതർ അറിയിച്ചിട്ടുണ്ട്. പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടി എന്നാണ് പരാതി. എതിർപ്പുകളുടെ സത്യാവസ്ഥ പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസുകൾ നാളെ ഹൈക്കോടതി പരിഗണിക്കും.
സ്വത്ത് കണ്ടുകെട്ടിയതിന്റെ ജില്ലതിരിച്ചുള്ള കണക്ക്
കാസർകോട് – 6
കണ്ണൂർ – 8
വയനാട് – 11
കോഴിക്കോട് – 22
മലപ്പുറം – 126
പാലക്കാട് – 23
തൃശൂർ – 18
എറണാകുളം – 6
ഇടുക്കി – 6
കോട്ടയം – 5
ആലപ്പുഴ – 5
പത്തനംതിട്ട – 6
കൊല്ലം – 1
തിരുവനന്തപുരം – 5