ആര്യങ്കാവ്: കൊല്ലം ആര്യങ്കാവില്‍ മായം കലര്‍ത്തിയ പാല് പിടികൂടിയ സംഭവത്തില്‍ പാല് സൂക്ഷിച്ചിരുന്ന ടാങ്കറിന് ചോര്‍ച്ച. ടാങ്കറിന്റെ ആദ്യത്തെ കമ്പാര്‍ട്ട്മെന്റിലാണ് ചോര്‍ച്ച കണ്ടെത്തിയത്. കമ്പാര്‍ട്ട്മെന്റില്‍ പ്രഷര്‍ നിറഞ്ഞതാണ് ചോര്‍ച്ചയ്ക്ക് കാരണമായതെന്നാണ് വിവരം.
ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പാല് കൊണ്ടുവന്ന ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല് കേരളത്തിലേക്ക് എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അതേസമയം, പാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് കണ്ടെത്താനായത്. ലോറിയില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. അതേസമയം, കഴിഞ്ഞ ആറ് ദിവസമായി 15300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി തെന്മല സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.