കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കോടതി വിധി വന്നതിനു പിന്നാലെ ലക്ഷദ്വീപ് മുന്‍ എംപിയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കേസിലെ ഒന്നാം പ്രതിയായ നൂറുള്‍ അമീന്‍, അന്ത്രോത്ത് എംജിഎസ്എസ്എസ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. നൂറുള്‍ അമീനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.
അതേസമയം, കേസിലെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ അടക്കം 4 പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഈ മാസം 17 പരിഗണിക്കും. മുഹമ്മദ് ഫൈസല്‍, സഹോരന്‍മാരായ അമീന്‍, പഠിപ്പുരക്കല്‍ ഹുസൈന്‍ അടക്കമുള്ളവരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അപ്പീലില്‍ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന എംപിയുടെ ആവശ്യത്തില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ഫൈസലിനെ ലക്ഷദ്വീപ് എംപി സ്ഥാനത്തു നിന്ന് അയോഗ്യനായിരുന്നു.
അതേസമയം, മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാലുപേരെയാണ് 10 വര്‍ഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയിലുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
32 പ്രതികളുള്ള കേസില്‍ ആദ്യത്തെ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി മുഹമ്മദ് ഫൈസല്‍. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിഎം സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണ് പരിക്കേറ്റ മുഹമ്മദ് സാലിഹ്. നിലവില്‍ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്.