തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെയും സമീപ ജില്ലകളുടെയും ത്വരിതഗതിയിലുള്ള വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന സന്നദ്ധ പൗരന്മാരുടെ കൂട്ടായ്മയായ എവേക്ക് ട്രിവാൻഡ്രം, നഗര വികസനവുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന എൻജിഒകൾക്ക് പിന്തുണ നൽകും. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്‌റ്റുകൾ കോർപ്പറേറ്റുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും (പിഎസ്‌യു) സഹായത്തിനായി ശുപാർശ ചെയ്യും.
“കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായും തദ്ദേശ ഭരണ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻജിഒകൾക്ക് വലിയ സംഘടനകൾക്ക് കഴിയാത്ത വിധത്തിൽ പ്രാദേശിക പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും കഴിയും. തിരുവനന്തപുരത്തെ ലോകോത്തര നഗരം ആയി മാറ്റാൻ കഴിയുന്ന ഫലപ്രദമായ ആശയങ്ങളും പദ്ധതി നിർദ്ദേശങ്ങളും അവർ മുന്നോട്ടുവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു”, എവേക്ക് ട്രിവാൻഡ്രം പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ പറഞ്ഞു.
“നൂതനവും സുസ്ഥിരവുമായ നഗരവികസന സംരംഭങ്ങൾക്ക് പ്രചോദനവും പ്രോൽസാഹനവുമാണ് ലക്ഷ്യമിടുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സന്ദർശകരെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിനും കഴിയുന്ന പദ്ധതികൾക്ക് ഊന്നൽ നൽകും. അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക വികസനം, സുസ്ഥിര നഗര സമീപനം, ഖരമാലിന്യ സംസ്കരണം, പരിസ്ഥിതി, ആരോഗ്യ സംരക്ഷണം, തുടങ്ങിയവയാണ് പ്രധാന മേഖലകൾ”, എവേക്ക് ട്രിവാൻഡ്രം സെക്രട്ടറി ആർ അനിൽ കുമാർ പറഞ്ഞു.
“വികസനത്തിനായി സർക്കാർ-പൗര പങ്കാളിത്തം ഉറപ്പാക്കാൻ എവേക്ക് ട്രിവാൻഡ്രം ആസൂത്രണം ചെയ്ത പരിപാടികളുടെ തുടർച്ചയാണ് ട്രിവാൻഡ്രം ആൻഡ് എൻജിഓസ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി. പ്രാരംഭ സ്ക്രീനിംഗിന് ശേഷം, കോർപ്പറേറ്റുകളുമായും പൊതുമേഖലാ സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്താൻ ഷോർട്ട്‌ലിസ്റ്റ് ചെയ്ത എൻജിഒകളെ ക്ഷണിക്കും”എവേക്ക് തിരുവനന്തപുരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് രാമാനുജം പറഞ്ഞു.
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 26 ജനുവരി 2023 ആണ്. അപേക്ഷാ ഫോമുകൾ http://surl.li/ejnbr എന്ന ലിങ്കിൽ കിട്ടും.
മേഖലയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിര്ത്തി രാജ്യത്ത് പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനികളുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ വർഷം സെപ്തംബറിൽ സംഘടന എയർലൈൻ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു.