തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചു. ഒരു ലീറ്ററിന് ഒരുപൈസ വീതം കൂട്ടാനാണ് അനുമതിയെന്ന് കണ്‍വീനര്‍ ഇ.പി. ജയരാജന് പറഞ്ഞു. ജല അതോറിറ്റിയുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം.
ജല അതോറിറ്റിക്ക് 2391 കോടി രൂപയുടെ നഷ്ടം ഉണ്ട്. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്കാന് കഴിയാതെ ബുദ്ധിമുട്ടുകയാണ് ജല അതോറിറ്റി. വെള്ളക്കരം കൂട്ടണമെന്ന ശിപാര്‍ശയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കിയതായും ഇ.പി. ജയരാജന് പറഞ്ഞു.
ജല അതോറിറ്റിയെ കൂടുതൽ മെച്ചപ്പെടുത്താൻ ഈ തീരുമാനത്തിലൂടെ കഴിയും. കുടിശിക കൊടുത്തില്ലെങ്കില്‍ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. എന്നാല്‍ ബിപിഎല്‍ കുടുംബങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.