അടിമാലി: വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു. അടിമാലി പടയാട്ടില്‍ കുഞ്ഞുമോന് ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം.
ജനുവരി എട്ടിനാണ് അടിമാലി അഫ്സരകുന്നില്‍ നിന്നും വഴിയില്‍ കിടന്നുകിട്ടിയ മദ്യം കുടിച്ച് യുവാക്കള്‍ അവശനിലയിലാകുന്നത്. ശര്‍ദ്ദിയെ തുടര്‍ന്ന് അനില്‍ കുമാര്‍, കുഞ്ഞുമോന്, മനോജ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിമാലി അഫ്സര കുന്ന് സ്വദേശികളാണ് മൂന്ന് പേരും. അനില്‍ കുമാറും മനോജും പിന്നീട് അപകടനില തരണം ചെയ്തെങ്കിലും കുഞ്ഞുമോന് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു.
അതേസമയം, ഭക്ഷ്യവിഷബാധയല്ലെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇവര്‍ കഴിച്ചത് വ്യാജമദ്യമാണോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ മദ്യം കഴിച്ചവരുടെ സുഹൃത്ത് സുധീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. വഴിയില്‍ കിടന്ന് ലഭിച്ച മദ്യം സുധീഷാണ് നല്‍കിയതെന്ന് ചികിത്സയിലുള്ളവര്‍ മൊഴി നല്‍കിയിരുന്നു. കത്തിച്ച നിലയില്‍ മദ്യക്കുപ്പിയും പോലീസ് പിന്നീട് കണ്ടെടുത്തിരുന്നു.