കൊച്ചി: സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപ കമ്പനി വഴി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ അറസ്റ്റിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ജനുവരി ആറ് മുതൽ ഒളിവിലായിരുന്നു റാണ.
നേപ്പാൾ വഴി ഇയാള്‍ രാജ്യം വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇന്ന് പിടിയിലാകുന്നത്. പ്രവീൺ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
സേഫ് ആൻഡ് സ്ട്രോങ് നിധി എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമാണ് റാണ നിക്ഷേപങ്ങൾ വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.
കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ തൃശൂരിലെ ഫ്ലാറ്റില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. തൃശൂർ പൊലീസ് എത്തുമ്പോൾ റാണ ഫ്ലാറ്റിലുണ്ടായിരുന്നു. മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിൽ നിന്ന് ഇയാൾ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് ആഡംബര കാറുകള്‍ പൊലീസ് പിടിച്ചെടുത്തു.
നിക്ഷേപ തട്ടിപ്പില്‍ റാണയ്ക്കെതിരെ 18 കേസുകളാണ് തൃശൂര്‍ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. പലരില്‍ നിന്നും ഒരുലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ഇയാള്‍ തട്ടിയെടുത്തിട്ടുള്ളതായാണ് പരാതികള്‍.
കൊച്ചി നഗരത്തിൽ എംജി റോഡിലെ ഹോട്ടൽ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുണ്ട്. ഇദ്ദേഹത്തിനു ചിലവന്നൂർ റോഡിലുള്ള ഫ്ലാറ്റിലാണു പ്രവീൺ ഒളിവിൽ തങ്ങിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു തൃശൂരിൽനിന്നുള്ള പൊലീസ് സംഘം ഇവിടെയെത്തിയെങ്കിലും റെയ്ഡ് വിവരം ചോർന്നു പ്രവീൺ കടന്നുകളഞ്ഞു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ 2 വാഹനങ്ങൾ അടക്കം 4 ആഡംബര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പുണെയിൽ 4 ഡാൻസ് ബാറുകളിലും മുംബൈയിലും ബെംഗളൂരുവിലും ഓരോ ഡാൻസ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ട്. ‘സേഫ് ആൻഡ് സ്ട്രോങ് നിധി’യെന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തൃശൂർ ആണെങ്കിലും കൊച്ചി നഗരത്തിലാണു സ്ഥിരമായി തങ്ങിയിരുന്നത്. ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിൽ പീഡിപ്പിച്ച കേസിൽ പെട്ട ബാർ പ്രവീൺ നടത്തുന്നതാണ്. തൃശൂർ, കൊച്ചി സിറ്റി പൊലീസ് സേനകളിലെ പലരുമായും പ്രവീൺ വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു.
നേരത്തെ, റാണയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും റാണയുടെ പാസ്പോര്‍ട്ട് നമ്പറും വിശദാംശങ്ങളും കൈമാറിയിരുന്നു.