പാലക്കാട് : പാലക്കാട് ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. സുല്‍ത്താന്‍ ഓഫ് ഫ്‌ലേവേഴ്‌സ്, ഹോട്ടല്‍ ഗ്രാന്‍ഡ്, എടിഎസ് ഗ്രാന്‍ഡ് കേരള, ചോയ്‌സ് കാറ്ററിംഗ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ഇതേ തുടര്‍ന്ന് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി സീല്‍ ചെയ്തു. സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റുള്ള മരണം സ്ഥിരീകരിച്ചതിന് പിന്നാലെ വ്യാപകമായി പരിശോധനകള്‍ തുടരുകയാണ്.
അതേസമയം, കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നഴ്‌സ് മരിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിന്റെ ഉടമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അല്‍ഫാം കഴിച്ചതിനു പിന്നാലെ ചികിത്സയിലായ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സ് രശ്മി രാജ് (33) ഈ മാസം രണ്ടിനാണ് മരിച്ചത്.