തിരുവനന്തപുരം: പക്ഷിപ്പനി സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കണം. ആരോഗ്യ വകുപ്പു നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം.
രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റു രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തും. ഈ പ്രദേശങ്ങളിലുള്ളവർ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കണം. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മന്ത്രി നിർദേശിച്ചു.
എന്താണ് പക്ഷിപ്പനി
പക്ഷികളിൽ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്. മനുഷ്യരിലേക്ക് സാധാരണ ഗതിയിൽ പകരാറില്ല. എന്നാൽ ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്കു പകരാം. ആ വൈറസ് ബാധ ഗുരുതരമായ രോഗകാരണമാകാം.
•ശ്രദ്ധിക്കേണ്ടവ
കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപക്ഷികൾ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. കേരളത്തിൽ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോർട്ടില്ല. എങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സന്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, മറ്റു ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.
• പ്രതിരോധ മാർഗങ്ങൾ
രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ഇറച്ചി, മുട്ട എന്നിവ വേവിച്ചു കഴിക്കുക.
• രോഗലക്ഷണങ്ങൾ
ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തിൽ രക്തം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗപ്പകർച്ചയ്ക്കു സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ ഈ രോഗലക്ഷണങ്ങൾ കണ്ടാലുടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവർത്തകരേയോ അറിയിക്കണം.