കൊല്ലം: കൊല്ലം നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദിച്ച കേസിൽ അഞ്ച് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ. ഇന്ന് വൈകിട്ടോടെയാണ് ചടയമംഗലം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നിലമേൽ കവലയിലെ യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനുവിനാണ് തൊഴിലാളികളുടെ മർദനമേറ്റത്. സൂപ്പർമാർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവർത്തകർ സൂപ്പർമാർക്കറ്റിൻ്റെ ഉടമ ഷാനിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മദ്യപിച്ചു സ്ഥാപനത്തിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് പരിക്കേറ്റ സൂപ്പർമാർക്കറ്റ് ഉടമ ഷാൻ പറഞ്ഞു.
സിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർമാർക്കറ്റിലെത്തി ഷാനുവുമായി തർക്കമുണ്ടാക്കുകയായിരുന്നു. പിന്നാലെ മറ്റ് പ്രവർത്തകർ സംഘടിച്ചെത്തി ഷാനുവിനെ മർദിക്കുകയായിരുന്നു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇവരിൽ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവർത്തകർ തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി.
സൂപ്പർമാർക്കറ്റ് ഉടമയെ മർദിച്ചെന്ന പരാതി അന്വേഷിക്കാൻ ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റിനെ ചുതലപ്പെടുത്തിയെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ അറിയിച്ചു. തൊഴിലാളികളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടി സ്വീകരിക്കും എന്നും ജയമോഹൻ പറഞ്ഞു.