തിരുവനന്തപുരം: ബഫര്‍ സോണ്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിച്ചു. 63,500 പരാതികളാണ് ആകെ ലഭിച്ചത്. ഇതിൽ 24,528 എണ്ണം പരിഹരിച്ചു. ബഫർ സോണിൽ പെടുന്ന നിർമിതികളായി 28494 എണ്ണം ആപിൽ അപ് ലോഡ് ചെയ്തു.
പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. കിട്ടിയതിൽ പകുതിയോളം പരാതികളും തീർപ്പാക്കാൻ കഴിയാതെയാണ് സമയപരിധി തീർന്നത്. അതേസമയം ലഭിച്ച പരാതികളിൽ പലതും ഇരട്ടിപ്പുണ്ടെന്നും ചില പരാതികൾ ഗൗരവമുള്ളവയല്ലെന്നുമാണ് വനംവകുപ്പ് വിശദീകരണം.
ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. ബഫര്‍ സോണിലുള്ള നിര്‍മിതികള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വേ തുടരുകയാണ്. . കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ അസറ്റ് മാപ്പര്‍ ഉപയോഗിച്ച് ഇതുവരെ പുതുതായി കണ്ടെത്തിയ നിര്മിതികളില് അപ് ലോഡ് ചെയ്തിരിക്കുന്നത് 18496 എണ്ണമാണ്. സെര്‍വര്‍ തകരാറു മൂലം കണ്ടെത്തിയ നിര്മിതികളില് പലതും ചേര്‍ക്കാനായിട്ടില്ല. ഇന്നലെ ഉച്ചയോടെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ പുതുതായി ബഫര്‍ സോണില്‍ കണ്ടെത്തുന്ന നിര്‍മിതികളുടെ എണ്ണം കൂടും.
ബഫർ സോൺ മേഖലയിലെ 28494 നിർമ്മിതികൾ കൂടി ഭൂപടത്തിൽ ചേർത്തു. നേരത്തെ റിമോട്ട് സെൻസിംഗ് കേന്ദ്രം 54000 നിർമ്മാണങ്ങളുടെ വിവരങ്ങൾ ചേർത്തിരുന്നു. പുതിയ പരാതികളിലെ പരിശോധന കൂടി തീരുമ്പോൾ ബഫർസോൺ മേഖലയിൽ ആകെ ഒരുലക്ഷത്തിനടുത്ത് കെട്ടിടങ്ങൾ ബഫർസോൺ മേഖലയിൽ ഉണ്ടാകും. ഇവയെ ഒഴിവാക്കിത്തരണമെന്നാകും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെടുക.
ഒരാഴ്ചകൂടി നടത്തുന്ന പരിശോധനക്ക് ശേഷമാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.