കൊല്ലം: ചിതറയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ 52 മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ പോലീസ് പിടികൂടി. നാട്ടുകാരും പോലീസും ചേർന്നാണ് സജീവനെ കീഴ്പ്പെടുത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പോലീസ് അറിയിച്ചു. ഇയാളുടെ അമ്മയെയും പട്ടികളെയും പൊലീസ് പിടികൂടി. അമ്മയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിനുള്ളില്‍ കയറിയ മഫ്തിയിലെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് സജീവനെ കീഴ്‌പ്പെടുത്തുകയായിരുന്നു. പട്ടികളെ മെരുക്കി പൊലീസ് വീട്ടുവളപ്പില്‍ കയറിയെങ്കിലും ഒരുതരത്തിലും സജീവനെ അനുനയിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസ് വീട്ടിൽ കടന്നാൽ സ്വന്തം അമ്മയെ വടിവാളിന് വെട്ടി കൊലപെടുത്തുമെന്നായിരുന്നു സജീവന്റെ ഭീഷണി. പൊലീസിന്റെ പിടിയാലാകുമെന്ന ഒരുഘട്ടതില്‍ സജീവന്‍ വീണ്ടും അക്രമസക്തനാവുകയായിരുന്നു. അതിനിടെ വടിവാള്‍ വീശിയതോടെ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തന്റെ സ്വത്തുക്കളെല്ലാം പലരും തട്ടിയെടുത്തെന്നാണ് ഇയാളുടെ വാദം.
വ്യാഴാഴ്‌ചയാണ് വടിവാളും വളർത്തുനായയുമായി കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സജീവ് അക്രമം നടത്തിയത്. റോട്‌വീലർ നായയുമായി സജീവ് വീട്ടിലെത്തി സുപ്രഭയോട് ഇറങ്ങിപ്പോകാൻ ആക്രോശിച്ചു. തുടർന്ന് ഭയന്ന് ഓടി സുപ്രഭ വീടിനുള്ളിലൊളിച്ചു. സുപ്രഭ താമസിക്കുന്നത് തന്റെ അച്ഛൻ വാങ്ങിയ വസ്തുവിലാണെന്നാണ് സജീവന്റെ വാദം.
ശനിയാഴ്ച രാവിലെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായതിന് പിന്നാലെ സജീവനെ എത്രയും വേഗം പിടികൂടാനുള്ള നീക്കത്തിലേക്ക് പോലീസ് കടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് വീടിനകത്തേക്ക് ഇരച്ചുകയറിയ പോലീസ് സജീവനെ കത്രികപൂട്ടിടുകയായിരുന്നു. പോലീസ് എത്തിയാൽ സ്വയം ജീവനൊടുക്കുമെന്നും അമ്മയെ കൊലപ്പെടുത്തുമെന്നും സജീവൻ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.