കോഴിക്കോട്: 61 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. വാശിയേറിയ നാല് ദിനം പിന്നിടുമ്പോള്‍ 891 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് 883 പോയിന്റുമായി കണ്ണൂരാണ്. 872 പോയിന്റുള്ള പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്തുള്ളത്.
അതേസമയം, ജനുവരി 3ന് ആരംഭിച്ച കലേത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിര്‍വഹിക്കും. കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും.
എംപിമാരായ എളമരം കരീം, എംകെ രാഘവന്, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന് ബാബു ഐഎഎസ് സ്വാഗതം പറയും.