തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. ആറ് സീനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി അസിസ്റ്റന്റ് പ്രഫസർ ഡോ. തങ്കു തോമസ് കോശിക്ക് ഇടുക്കി, പൾമനറി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. പി.വേണുഗോപാലിന് കോട്ടയം, ഇഎൻടി പ്രഫസർ ഡോ. ഹെർമൻ ഗിൽഡ് എം.ജോണിന് മഞ്ചേരി, ജനറൽ സർജറി അസോഷ്യേറ്റ് പ്രഫസർമാരായ ഡോ. ആർ.വി.രാംലാലിനും ഡോ. വൈ.ഷാജഹാനും കോഴിക്കോട്, ഓർത്തോ വിഭാഗം പ്രഫസർ ഡോ. മുഹമ്മദ് അഷ്റഫിന് കണ്ണൂർ എന്നീ മെഡിക്കൽ കോളജുകളിലേക്കാണു മാറ്റം.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അടുത്തിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ആ സമയത്ത് പല വിഭാഗത്തിലും സീറ്റില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. രജിസ്റ്ററും മറ്റും മന്ത്രി പരിശോധിച്ചിരുന്നു. അന്ന് പല പോരായ്മകളും മന്ത്രി കണ്ടെത്തിയതോടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്ക് പ്രത്യേക ചുമതലയും നൽകി.
മന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ട് പരിഗണിച്ചാണ് സ്ഥലംമാറ്റം.