തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സൂചനാ പണിമുടക്ക് നടത്തി. കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
കോണ്ട്രാക്ട് നിയമനങ്ങൾ നിർത്തലാക്കണമെന്നും ലേബർ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ലേബർ ഡിപ്പാർട്ടുമെന്റ് തയാറാകണമെന്നും നഴ്സുമാർ ആവശ്യപ്പെട്ടു. എല്ലാ സ്വകാര്യ ആശുപത്രികളിലും ഇൻസ്പെക്ഷൻ നടത്തുക, നിയമലംഘനങ്ങൾ നടത്തുന്ന മാനേജുമെന്റുകൾക്കെതിരെ നടപടിയെടുക്കുക, അവരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തുക, ആശുപത്രികളിൽ രോഗി-നഴ്സ് അനുപാതം നടപ്പാക്കുക, ഇടക്കാലാശ്വാസമായ അന്പതു ശതമാനം ശന്പളവർധനവെങ്കിലും ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളും നഴ്സുമാർ ഉന്നയിച്ചു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്കു നീങ്ങുമെന്ന് പ്രഖ്യാപിച്ച് പണിമുടക്കിയ നഴ്സുമാർ കളക്ടറേറ്റ് മാർച്ച് നടത്തി.