ആലപ്പുഴ: ശബരിമല തീർത്ഥാടകരുടെ വാഹനം തകർത്ത സംഭവത്തിൽ പ്രതി പിടിയിലായി. ഇരവുകാട് സ്വദേശി അർജുൻ കൃഷ്ണയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി കളർകോട് വച്ചാണ് അർജുൻ തീർത്ഥാടക സംഘത്തിന്റെ വാഹനം തകർത്തത്. അയ്യപ്പ സംഘത്തിലെ പെൺകുട്ടിയെയും അർജുൻ ആക്രമിച്ചിരുന്നു.
ശബരിമല ദർശനം കഴിഞ്ഞ് മലപ്പുറത്തേക്ക് മടങ്ങുന്ന അയ്യപ്പ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആലപ്പുഴ കളർകോട് ഭാഗത്ത് അയ്യപ്പ സംഘം ഭക്ഷണം കഴിക്കാൻ കയറിയപ്പോഴായിരുന്നു ആക്രമണം. തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിയെയും ഇയാൾ ആക്രമിച്ചു. കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു.
ചൊവ്വാഴ്ച്ച രാത്രി 11.30ന് കളർകോട് ജംഗ്ഷനിലായിരുന്നു സംഭവം. നിലമ്പൂർ സ്വദേശികളായ 9 കുട്ടികളടക്കമുള്ള 39 അംഗ തീർത്ഥാടകസംഘം ചായകുടിക്കുന്നതിന് കളർകോട് ജംഗ്ഷനിൽ വാഹനം നിർത്തി. ഇതേ സമയം അർജ്ജുന്റെ ബൈക്കും ഇവരുടെ വാഹനത്തിന് സമീപത്ത് പാർക്ക് ചെയ്തിരുന്നു. യുവാവിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. തീർത്ഥാടക സംഘത്തിലെ കുട്ടികളിൽ ചിലർ യുവാവിന്റെ ബൈക്കിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുത്തു.
ഇത് കണ്ടതോടെ അർജ്ജുൻ കുട്ടികളെ ബൈക്കിൽ നിന്ന് തള്ളിയിട്ടുവെന്നാണ് തീർത്ഥാടകർ പറയുന്നത്. ഇയാളുടെയും യുവതിയുടെയും ചിത്രങ്ങൾ പകർത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകൾ അലീന, ബന്ധു വൃന്ദാവന (9) എന്നീ കുട്ടികളുടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തീർത്ഥാടകരും യുവാവും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.
സംഘർഷത്തിൽ യുവാവിനും മർദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മടങ്ങിപോയ വിഷ്ണു കൈക്കോടാലിയുമായി തിരികെയെത്തി തീർത്ഥാടകരുടെ ബസിന്റെ വാതിൽ ചില്ലുകൾ അടിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അർജുനെ ആലപ്പുഴ സൗത്ത് പോലീസാണ് പിടികൂടിയത്.