തിരുവനന്തപുരം: കോഴിക്കോട് നടന്ന മുജാഹിദീന്‍ സംസ്ഥാന സമ്മേളനത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭാ ചെയര്മാന് ബിജെപി പരാതി നല്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ ആണ് രാജ്യസഭ ചെയര്മാന് ജഗദീപ് ധന്‍ക്കറിന് പരാതി നല്‍കിയത്.
സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ബ്രിട്ടാസ് നടത്തിയ പ്രസംഗമെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബ്രിട്ടാസിനെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട്ട് നാലു ദിവസങ്ങളായി നടന്ന കേരള നദ്വത്തുള് മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ അത്രയും കേന്ദ്രീകരിച്ചത് ആര്‍എസ്എസിലായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിളള രാജ്യത്തെ മതമൈത്രിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളോട് സിപിഐ നേതാവ് ബിനോയ് വിശ്വം നടത്തിയ പ്രതികരണമായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പിന്നീട് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂട് പകര്‍ന്നു.
സംവാദം നടത്തി ആര്‍എസ്എസിന്റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന് കെഎന്‍എം കരുതുന്നുണ്ടോ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. ജോൺ ബ്രിട്ടാസും സിപിഎമ്മും നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഒരു മതസംഘടനയുടെ വേദിയിൽ ഇതരവിഭാഗങ്ങൾക്കെതിരെ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.