കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മി രാജിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ അണുബാധ മൂലമാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോർട്ട്. ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം. ശരീര ശ്രവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും.
നഴസ് മരിച്ച സംഭവം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹോട്ടലുകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കും. സംസ്ഥാനത്തുടനീളം പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ ഹോളിഡേ കാര്യക്ഷമമായിരുന്നു. വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29 നാണ് ഓൺലൈനിലൂടെ കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അവശയായ രശ്മിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നൽകി. പക്ഷേ പിന്നീടും നിർബാധം പ്രവർത്തിച്ചു.
മോശമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുവന്ന ഹോട്ടലുകള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക ഡ്രൈവ് തന്നെ ആരോഗ്യ വകുപ്പ് ഏഴ് ദിവസം നടത്തിയിരുന്നു.
അയ്യാരിത്തിലധികം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 ഹോട്ടലുകള്‍ 7 ദിവസം കൊണ്ട് പൂട്ടി. 526 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസും നല്‍കി. അതിലെല്ലാം നടപടികള്‍ സ്വീകരിച്ചുവരികയാണ്. വളരെ പ്രാധാന്യത്തോടെ സര്‍ക്കാര്‍ നോക്കിക്കാണുന്ന വിഭാഗമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതിനൊപ്പം ലൈസന്‍സ് എടുക്കാന്‍ സമയപരിധിയും നല്‍കുന്നുണ്ട്.