കൊച്ചി: സജി ചെറിയന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശന്‍. സജി ചെറിയാന്‍ വീണ്ടും മന്ത്രിയാവുന്നതില്‍ ധാര്‍മികമായ പ്രശ്‌നമുണ്ടെന്നും ഭരണഘടനയെ അവഹേളിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരികെ എത്തുന്നതിന്റെ യുക്തി എന്താണെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കണമെന്നും വിവാദ പ്രസംഗത്തോട് പാര്‍ട്ടി യോജിക്കുന്നുണ്ടോ എന്ന് വെളിപ്പെടുത്തണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യമാണ്. പ്രതിപക്ഷം സംഭവത്തില്‍ പ്രതിഷേധിക്കും. പ്രതിഷേധ രീതി പിന്നീട് തീരുമാനിക്കും. നിയമപരമായ വഴികള്‍ തേടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. പലപ്പോഴും ബിജെപി നേതാക്കള്‍ തന്നെ ഇടനിലക്കാരാവാറുണ്ട്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പാവുന്നത് ഇതു ആദ്യമല്ലെന്നും ഇതൊക്കെ പല തവണ കണ്ടതു കഴിഞ്ഞതാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
അതേസമയം, ആറുമാസം മാറിനിന്നത് സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. ഭരണഘടനാവിരുദ്ധമായി താന്‍ ഒന്നും സംസാരിച്ചിട്ടില്ലെന്നും ആറുമാസം പൊലീസ് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണിതെന്നും സജി ചെറിയാന്‍ പറഞ്ഞു.