കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് കേരളം. തുടർച്ചയായ മൂന്നാം ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ കേരളം അടിച്ചതിലേറെ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. നിജോ ഗിൽബർട്ട്, മുഹമ്മദ് സലിം, അബ്ദുൾ റഹിം, വിശാഖ് മോഹൻ, വിഘ്നേഷ് എന്നിവരായിരുന്നു ഗോളുകൾ നേടിയത്. ക്യാപ്റ്റൻ മിഥുൻ അടക്കം പ്രധാനതാരങ്ങൾക്ക് വിശ്രമം അനുവദിച്ച് കളത്തിലിറങ്ങിയ കേരളത്തിന് വെല്ലുവിളിയാകാൻ ആന്ധ്രക്കായില്ല.
16-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തെ മുന്നിലെത്തിച്ചത്. 19-ാം മിനിറ്റില്‍ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ആന്ധ്ര വരുത്തിയ പിഴവ് മുതലെടുത്ത് മുഹമ്മദ് സലീം കേരളത്തിന്റെ ലീഡുയര്‍ത്തി. തുടര്‍ന്ന് ആദ്യ പകുതിയുടെ അധികസമയത്ത് അബ്ദുള്‍ റഹീം കേരളത്തിന്റെ മൂന്നാം ഗോളും നേടി. ആന്ധ്ര പ്രതിരോധത്തെ കീറിമുറിച്ച് നിജോ ഗില്‍ബര്‍ട്ട് നല്കിയ പാസ് സ്വീകരിച്ച് പകരക്കാരനായി ഇറങ്ങിയ അബ്ദുള്‍ റഹീം ഗോളിയേയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളിന് മുന്നിലെത്തിയ കേരളം 52-ാം മിനിറ്റില്‍ വീണ്ടും ലീഡുയര്‍ത്തി. നിജോ എടുത്ത കോര്‍ണറില്‍ നിന്ന് വിശാഖ് മോഹനനാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. ഒടുവില്‍ 62-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിഖ്നേഷിലൂടെ കേരളം ഗോള്‍പട്ടിക തികച്ചു.