സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി നാല് ബുധനാഴ്ച കരിദിനമായി യുഡിഎഫും കോൺഗ്രസും ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണഘടനാ ലംഘനമില്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാൽ മതിയോയെന്ന് കെപിസിസി പ്രസിഡന്റ് ചോദിച്ചു. ഒരു കാരണവശാലും സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചു വരവിനെ യുഡിഎഫിന് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാനെ എന്തിനാണ് മന്ത്രിസഭയിൽ നിന്ന് രാജിവെപ്പിച്ചതെന്ന് സിപിഎം പറയണം. അദ്ദേഹം തെറ്റ് ചെയ്തില്ലെന്ന് പ്രാഥമികമായി സിപിഎമ്മിന് ഉറപ്പുണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം രാജിവെച്ചത്? സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണഘടന ലംഘനം ഇല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാൽ മതിയോ? അവർക്ക് എന്തും ആകാമെന്ന സ്ഥിതിയാണ്. സിപിഎമ്മിന് മാത്രം ഒന്നും ബാധകമല്ല. പൊതുജനം ഇത് ശരിയാണോയെന്ന് ചിന്തിക്കണം. കേരളത്തിൽ ചരസ്സും എംഡിഎംഎയും ഒഴുകുകയാണ്. എല്ലാത്തിനും പിന്നിൽ സിപിഎം , ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ലഹരി മാഫിയയ്‌ക്ക് വേണ്ടിയാണ് ഈ ഭരണമെന്നും കെ സുധാകരൻ ആരോപിച്ചു.