തൃശൂര്‍: തൃശൂര്‍ പേരാമംഗലം പുറ്റേക്കരയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അരുണ്‍ ലാലിനെ കൊലപ്പെടുത്തിയത് കൂടെ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെന്ന് സൂചന. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്കിന്റെ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച അര്‍ധരാത്രിയാണ് പുറ്റേക്കര സ്വദേശിയായ അരുണ്‍ ലാലിനെ വഴിയരികില്‍ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും ഏറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. അതേസമയം, അന്നേ ദിവസം രാത്രി പത്തരയ്ക്ക് അരുണ്‍ ലാലും ബൈക്ക് യാത്രക്കാരനുമായി സംസാരിച്ച് നില്‍ക്കുന്നത് തൊട്ടടുത്ത ടര്‍ഫില്‍ കളി കഴിഞ്ഞു വരുന്ന യുവാക്കള്‍ കണ്ടിരുന്നു. പത്ത് മിനിട്ടിന് ശേഷം രണ്ടാമത്തെ പന്തുകളി സംഘമെത്തുമ്പോഴേക്കും കൃത്യം നടന്നിരുന്നു. യുവാക്കളെ കണ്ട ബൈക്ക് യാത്രക്കാരന്‍ വേഗത്തില്‍ ഓടിച്ചു പോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം. രണ്ടു പേര്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
നഗരത്തിലെ ഒരു ബാറില്‍ നിന്നാണ് അരുണ്‍ രാത്രി വീട്ടിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ സഞ്ചരിച്ച റോഡിലേയും ആക്രമിക്കപ്പെട്ട ഇടവഴിയിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അരുണ്‍ കുമാറിന്റെ ഫോണും പരിശോധിച്ചുവരികയാണ്. പ്രതികള്‍ ഉടന്‍ വലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.