തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ 17 കാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ ആണ് സുഹൃത്തായ പള്ളിയ്ക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 1.30നാണ് വീടിനു പുറത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ സംഗീതയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈലും കണ്ടെത്താനായില്ല.
സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെണ്‍ക്കുട്ടി ആണ്‍സുഹൃത്തായ ഗോപുവുമായി അടുപ്പത്തിലായിരുന്നു, എന്നാല്‍ ഗോപു, അഖില്‍ എന്ന പേരില്‍ മറ്റൊരു നമ്പറില്‍ നിന്ന് പെണ്‍കുട്ടിയുമായി ചാറ്റ് തുടങ്ങി. അഖില്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെണ്‍കുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ച്
സംഗീതയെ ആക്രമിക്കുകയായിരുന്നു. മരിച്ച സംഗീത രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.