ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ആര്‍.എസിനും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനും തിരിച്ചടി. ബി.ആര്‍.എസ്. എം.എല്‍.എമാരെ കൂറുമാറ്റാന്‍ ബി.ജെ.പി. ശ്രമിച്ചെന്ന് ആരോപിക്കുന്ന കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. ബിജെപി നേതാക്കൾ നൽകിയ ഹർജിയിലാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ്.
100 കോടി വീതം നല്‍കി ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്നതാണ് കേസ്. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഓപ്പറേഷന്‍ ലോട്ടസ് പദ്ധതിക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നായിരുന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആരോപിച്ചത്. ടി ആര്‍ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം.
എം എൽ എ മാരെ പണം നൽകി ചാക്കിലാക്കാൻ ബി ജെ പി നടത്തിയ ശ്രമത്തിന്‍റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആര്‍ ‘ ഓപ്പറേഷൻ ലോട്ടസ് ‘ ആരോപണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.
ബിജെപി നേതാവ് ബിഎൽ സന്തോഷ്, തുഷാർ വെള്ളാപ്പള്ളി, ജഗ്ഗുസ്വാമി എന്നിവരെ പ്രതിസ്ഥാനത്ത് ചേർത്ത് കൊണ്ടായിരുന്നു പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിച്ചിരുന്നത്. എന്നാൽ ഓപ്പറേഷൻ താമരയിൽ ഏജൻ്റുമാർ സമീപിച്ച നാല് ബിആർഎസ് എം.എൽ.എമാർക്ക് എതിരെയാണ് അന്വേഷണം വേണ്ടതെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. തെലങ്കാന ഭരണം അട്ടിമറിക്കാൻ എംഎൽഎമാരെ ബിജെപിക്ക് വേണ്ടി ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് പുറത്ത് വന്നത്. തെലങ്കാനയ്ക്കു പുറമെ ദേശീയ തലത്തിലും പുറത്ത് വന്ന തെളിവുകൾ ബിജെപിയെ പ്രതിസന്ധിയിൽ ആക്കിയിരുന്നു.
അതേസമയം, കേസ് ബി.ആര്‍.എസിന്റെ സൃഷ്ടിയാണെന്നും തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ബി.ജെ.പിയുടെ നിലപാട്.