കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് വിദേശ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പരാതി നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. ഇതേ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
പരാതിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതി പിടിയിലാകുന്നത്. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴാണ് യുവതി, താന്‍ വിമാനത്താവളത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടറോട് പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
















