തിരുവനന്തപുരം : ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിന് പിന്നാലെ പി ജയരാജനെതിരെ സിപിഎമ്മില്‍ പരാതി പ്രവാഹം. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇതോടൊപ്പം, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് അടച്ചില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞദിവസം സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇപിക്കെതിരെ പി.ജയരാജന്‍ ആരോപണം ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇപി, കണ്ണൂരില്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും പടുത്തുയര്‍ത്തിയെന്നാണ് പ്രധാന ആരോപണം. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃതമായി 30 കോടി സമ്പാദിച്ചുവെന്നും ഇ.പി ജയരാജന്റെ മകനും ഭാര്യയും റിസോര്‍ട്ടിന്റെ നടത്തിപ്പുകാരാണെന്നും പി ജയരാജന്‍ ആരോപിക്കുന്നു.
ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും ഇപി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നും പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി രേഖാമൂലം എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു എംവി ഗോവിന്ദന്‍ മറുപടി നല്‍കിയത്. അതേസമയം, തനിക്ക് റിസോര്‍ട്ടുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു ഇപിയുടെ വിശദീകരണം.