തിരുവനനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യുനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ സാധ്യത വീണ്ടും വർധിച്ചു. തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം ശ്രീലങ്കയിലെ ട്രിന്കോമാലീ ( Trincomalee ) വഴി കരയിൽ പ്രവേശിച്ച ശേഷം കോമോറിൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം മൂന്ന് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യതൊഴിലാളി ജാഗ്രത നിര്ദേശം
*27-12-2022 ന് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.*
*28-12-2022 ന് ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.*
*27-12-2022* ന് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടുള്ളതല്ല.
*28-12-2022* ന് ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടുള്ളതല്ല.
നിലവിൽ കടലിൽ പോകുന്ന മൽസ്യതൊഴിലാളികൾ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ 27-12-2022 ന് മുന്നോടിയായി സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണ്.