കോഴിക്കോട്: വടകര മാര്‍ക്കറ്റ് റോഡില്‍ വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍. അടക്കാത്തെരു
പുതിയാപ്പ സ്വദേശിയായ രാജന്( 62 )ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പലവ്യഞ്ജന കട നടത്തുകയായിരുന്ന രാജന് പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കടയ്ക്കുള്ളില്‍ നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
അതേസമയം, രാജന്റെ കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന് സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും മോഷണം പോയതായി പൊലീസ് പറഞ്ഞു.
മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. രാജന് ഉപയോഗിച്ചിരുന്ന മോട്ടോര്‍ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.