കോട്ടയം: മാണി സി. കാപ്പൻ എംഎൽഎയുടെ ഡ്രൈവർ രാഹുൽ ജോബിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. രാഹുൽ സഞ്ചരിച്ച സ്വകാര്യ കാറിൽ നിന്ന് 0.5 മില്ലിഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
രാഹുലിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ നിലവിൽ പരിക്കേറ്റ് ചികിത്സയിലാണ്. ലഹരിമരുന്നിൻ്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കാറിൽ നിന്നും കിട്ടിയ സംഭവം ഒതുക്കി തീർക്കാൻ ലോക്കൽ പൊലീസ് ശ്രമിച്ചെന്നും പിന്നീട് രഹസ്യവിവരം ലഭിച്ച കോട്ടയം എസ്.പിയുടെ ഇടപെടലിനെ തുടർന്നാണ് പൊലീസ് കേസെടുത്തതെന്നുമുള്ള ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് എസ്.പി പ്രതികരിച്ചു. ഇന്ന് രാവിലെ തന്നെ കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ വിവരം ലോക്കൽ പൊലീസ് അറിയിച്ചിരുന്നുവെന്നാണ് എസ്.പി പറയുന്നത്.
ഇന്ന് പുലർച്ചെയാണ് രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ഏറ്റുമാനൂർ പട്ടിത്താനം ബൈപ്പാസിൽ വച്ച് അപകടത്തിൽപ്പെട്ടത്. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.