മലയാളി വിക്കറ്റ് കീപ്പർ ബാറ്റര്‍ വിഷ്ണു വിനോദ് മുംബൈ ഇന്ത്യൻസിൽ. അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെത്തിച്ചത്. ഇന്ന് ലേലം വിളിച്ചെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് വിഷ്ണു വിനോദ്.
2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌ക്വാഡിന്‍റെ ഭാഗമായിരുന്നു വിഷ്‌ണു. അറ്റാക്കിംഗ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ വിഷ്‌ണുവിനെ ഡെത്ത് ഓവറുകളില്‍ ഫിനിഷറായും ഉപയോഗിക്കാം.
വിഷ്‌ണു വിനോദിനെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന് നിരാശയുടെ വാര്‍ത്തയാണ് ലേലത്തിന്‍റെ ആദ്യ ഘട്ടത്തിലുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മിന്നും ഫോമിലുള്ള രോഹന്‍ കുന്നുമ്മലിനെ ഐപിഎല്‍ താരലേലത്തിന്‍റെ തുടക്കത്തില്‍ ടീമുകളാരും സ്വന്തമാക്കിയില്ല. ലേലത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കേരള താരമാണ് രോഹന്‍. 20 ലക്ഷമായിരുന്നു അടിസ്ഥാന വില. കെ എം ആസിഫ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍ എന്നിവരേയും ആരും സ്വന്തമാക്കാന്‍ ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.
പത്ത് കേരളതാരങ്ങളാണ് മിനിലേലത്തിന് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. ബാറ്റര്‍മാരായ സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, ഷോണ്‍ റോജര്‍, പി.എ. അബ്ദുല്‍ ബാസിത്ത് എന്നിവരും ബൗളര്‍മാരായ കെ.എം. ആസിഫ്, ബേസില്‍ തമ്പി, എസ്. മിഥുന്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുമാണ് ലേലത്തിനുള്ളത്.