കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ശനിയാഴ്ച) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലുമാണ് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06/06/26, ശനിയാഴ്ച) അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കണ്ണൂർ ജില്ലയ്ക്ക് പുറമെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലകളിലെ കളക്ടർമാർ അവധി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
Story Highlights : Heavy rain; Educational institutions in Kannur district to remain closed tomorrow
















