പത്തനംതിട്ട: സിക്കിമിൽ സൈനിക വാഹനാപകടത്തിൽ മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് ചെങ്ങണിയൂർകാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. ആർമി ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേരാണ് മരിച്ചത്.
എട്ട് വർഷത്തോളമായി വൈശാഖ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ്. മരണം സംബന്ധിച്ച വിവരം സൈനികവൃത്തങ്ങൾ ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചതായാണ് റിപ്പോർട്ട്.
ഉത്തര സിക്കിമിലെ സേമ മേഖലയിലാണ് രാവിലെ എട്ട് മണിക്കാണ് അപകടമുണ്ടായത്. ഉത്തര സിക്കിമിലെ ചാറ്റെനിൽ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപെട്ടത്.
ചൈനയുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന മേഖലയിലാണ് അപകടമുണ്ടായത്. സേമ മേഖലയിലെ മല മുകളില്‍ വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ട്രക്ക് പൂർണണമായും തകർന്നു. വാഹനത്തിന്റെ പല ഭാഗങ്ങളും ചിന്നിച്ചിതറിയ നിലയിലാണെന്ന് സൈന്യം പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
3 ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്.