മുംബൈ: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ മലയാളി വിദ്യാര്‍ഥിനി നാഗ്പൂരില്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കേരളം. ഇതു കാണിച്ച് മന്ത്രി വി ശിവന്‍കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി കത്തില്‍ പറയുന്നു.
ഡിസംബര്‍ 20നാണ് ആലപ്പുഴ സ്വദേശിനിയായ നിദ ഫാത്തിമ അടക്കമുള്ള സംഘം ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയത്. എന്നാല്‍ ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണ നിദയെ ആശ്രുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിദ ഫാത്തിമയടക്കം കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ 24 താരങ്ങളാണ് നാഗ്പൂരിലെത്തിയത്.
എന്നാല്‍ ദേശീയ ഫെഡറേഷന്റെ അനുമതിയുണ്ടായിരുന്ന സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയും മത്സരത്തിനായി നാഗ്പൂരില്‍ എത്തിയിരുന്നു. ദേശീയ ഫെഡറേഷന്റെ അനുമതി ഇല്ലാത്തതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള സംഘത്തിന് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. താമസവും ഭക്ഷണവുമടക്കമുള്ള ഒരു സൗകര്യങ്ങളും സംഘാടകര്‍ ഇവര്‍ക്ക് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് താത്കാലിക കേന്ദ്രത്തിലായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്.
















