കൊച്ചി: കേരള സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. സെർച്ച് കമ്മിറ്റിയിലേക്ക് ഒരു മാസത്തിനകം സെനറ്റ് നോമിനിയെ നിർദേശിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സേർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലർ അല്ലെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു.
സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിച്ചില്ലെങ്കിൽ ചാൻസിലർ തീരുമാനിച്ച രണ്ട് സെർച്ച് കമ്മിറ്റി അംഗങ്ങളുമായി മുന്നോട്ട് പോകാമെന്നും വി.സിയെ തെരഞ്ഞെടുക്കാമെന്നും ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് കേരള സർവകലാശാല ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് കേരള സർവകലാശാലയ്ക്ക് അനുകൂലമായ നടപടി ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.
2018 ലെ യു.ജി.സി റെഗുലേഷൻ പ്രകാരം ചാൻസലറായ ഗവർണർക്ക് സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ തീരുമാനിക്കാൻ അധികാരമില്ലെന്ന് കേരള സർവകലാശാല ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് സർവകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു.