തിരുവനന്തപുരം: പോലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തിൽ ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഈ പ്രസ്താവനകൾ നടത്തിയത്.
ക്രിമിനലുകളെ നേരിടാനാണ് പോലീസ് സേനയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ലോക്കപ്പ് മർദനങ്ങൾ പോലീസ് അന്വേഷിക്കേണ്ടെന്നും അത് സിബിഐ അന്വേഷിക്കണമെന്നും പറഞ്ഞു.
നിലവിൽ കേരള പൊലിസ് ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം മാറി.എം ടെക് ബിരുദധാരികൾ ഉൾപ്പെടെ നിരവധി പ്രൊഫഷണലുകൾ ഇന്ന് സേനയിൽചേരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പൊലിസ് മാതൃകാപരമാണ്. മുമ്പ് പ്രായം കൂടിയവരോട് പോലും നിന്ദ്യമായിട്ടാണ് പൊലിസ് പെരുമാറിയിരുന്നത്. അന്നൊക്കെ പൊലിസ് സ്റ്റേഷൻ ഭയപ്പെടേണ്ട സ്ഥലമായിരുന്നു.
പൊലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആ സാഹചര്യങ്ങളിൽ പൊലീസ് അനിതരസാധാരണമായ സംയമനം കാണിക്കുന്നു.സമൂഹത്തിൻ്റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ടാണ് അതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സൈബർ കുറ്റങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പൊലീസ് സുസജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.